This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി

കേരളത്തിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തില്‍ വിയോജിച്ചുകൊണ്ട് എന്‍. ശ്രീകണ്ഠന്‍ നായര്‍, മത്തായി മാഞ്ഞൂരാന്‍, എ.പി. പിള്ള, എം.പി. മേനോന്‍, ടി.കെ. ദിവാകരന്‍, കെ. ബാലകൃഷ്ണന്‍, കെ.സി.എസ്. മണി, ചെങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി എന്നിവരുടെ നേതൃത്വത്തില്‍ 1947-ല്‍ രൂപീകൃതമായി. 1947 സെപ്. 21-ന് കോഴിക്കോടു വച്ച് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനും പൊതുയോഗവും നടന്നു.

സ്റ്റാലിനിസ്റ്റ് ചായ് വില്‍ നിന്നും വിമുക്തമാക്കപ്പെട്ട മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് വീക്ഷണമാണ് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി അതിന്റെ സിദ്ധാന്തമായി അംഗീകരിച്ചത്. സോഷ്യലിസം പ്രാവര്‍ത്തികമാക്കുക, തൊഴിലാളികള്‍ക്ക് സേവനവേതനരംഗത്ത് ആവശ്യമായ സംരക്ഷണം നല്‍കുക, കൃഷിഭൂമി കര്‍ഷകര്‍ക്കു വിതരണം ചെയ്യുക, ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ക്കു പുറമേ കേരളത്തിനു സ്വതന്ത്ര പരമാധികാരം നേടിയെടുക്കുകയെന്നതും പാര്‍ട്ടിയുടെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലുവ, തൃശൂര്‍ എന്നീ മേഖലകളില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടങ്ങളിലെ തൊഴില്‍ മേഖലകളില്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ട് പാര്‍ട്ടി അതിന്റെ ശക്തി വര്‍ധിപ്പിച്ചു.

പാര്‍ട്ടിസെല്‍, വാര്‍ഷിക കമ്മിറ്റി, പഞ്ചായത്ത് അഥവാ ടൗണ്‍ കമ്മിറ്റി, ഡിസ്ട്രിക്റ്റ് കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നിങ്ങനെയാണ് പാര്‍ട്ടിയുടെ ഘടന. കേരള കര്‍ഷകസഭ, കേരള സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് പാര്‍ട്ടിയുടെ പോഷക സംഘടനകള്‍. സോഷ്യലിസ്റ്റ്, നവോദയം, മുന്നേറ്റം എന്നീ പേരുകളില്‍ മൂന്നു മുഖപത്രങ്ങളും ധാരാളം കമ്യൂണിസ്റ്റ് ലഘുലേഖകളും പാര്‍ട്ടി പൂറത്തിറക്കിയിരുന്നു.

1948-തിരുവിതാംകൂര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടിയില്ല; എന്നാല്‍ ഒരു പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി എന്ന അംഗീകാരം കരസ്ഥമാക്കുകയുണ്ടായി. പക്ഷേ കൊച്ചിയില്‍ ഈ പാര്‍ട്ടി തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുകയാണുണ്ടായത്. അതേസമയം പാര്‍ട്ടിയുടെ അടിസ്ഥാനലക്ഷ്യത്തെ സംബന്ധിച്ചുപോലും പ്രാദേശിക ഘടകങ്ങളില്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നു. സ്വതന്ത്രകേരളറിപ്പബ്ലിക് എന്ന ആശയത്തിന് പാര്‍ട്ടിയുടെ പൂര്‍ണമായ അംഗീകാരം ലഭിച്ചിരുന്നില്ല. കേരളത്തില്‍ മാത്രമായി സോഷ്യലിസം നടപ്പാക്കുകയെന്നത് അശാസ്ത്രീയമാണെന്ന അഭിപ്രായം പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലര്‍ക്കുമുണ്ടായിരുന്നു. കേരളത്തെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാക്കണമെന്ന പ്രമേയം 1949 ഫെ. 6-ന് അംഗീകരിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി പിളരുകയും ചെയ്തു. പ്രമേയത്തോടു യോജിപ്പുണ്ടായിരുന്നവര്‍ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ തുടരുകയും എതിര്‍വിഭാഗം ശ്രീ. എന്‍. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ പാര്‍ട്ടിവിട്ട് ആര്‍.എസ്.പി. രൂപവത്കരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റിതര-ഇടതുപക്ഷ പാര്‍ട്ടികളുടെ കല്‍ക്കത്ത സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയുടെയും കെ. ബാലകൃഷ്ണന്റെയും റിപ്പോര്‍ട്ടനുസരിച്ച് പാര്‍ട്ടി പിരിച്ചുവിടുന്നതിനെപ്പറ്റി ആലോചിക്കാന്‍ 1950-ല്‍ കൊല്ലത്തുചേര്‍ന്ന സമ്മേളനത്തെത്തുടര്‍ന്ന് വീണ്ടും പാര്‍ട്ടി പിളര്‍ന്നു. 1952-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യമുന്നണിയുമായി യോജിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു; ഒരു സീറ്റ് നേടുകയും ചെയ്തു. 1954-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മൂന്നു സീറ്റുലഭിച്ചു. 1957-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചില്ല. 1957-ലും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. 1960-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 14 നിയോജക മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ഒരു സ്ഥലത്തുപോലും വിജയിച്ചില്ല. 1967-ല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നു. 1967-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി മത്തായി മാഞ്ഞൂരാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍വകുപ്പു മന്ത്രിയായി. 1970-ല്‍ മാടായി നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോണ്‍ മാഞ്ഞൂരാന്‍ വിജയിച്ചു. അതേവര്‍ഷം തന്നെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു രണ്ടു സീറ്റു ലഭിച്ചു. 1977-ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. ഇപ്പോള്‍ പൊതുജനശ്രദ്ധയാകര്‍ഷിക്കത്തക്ക തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്ക് ഇല്ല. എങ്കിലും ഔദ്യോഗികമായി പാര്‍ട്ടി പിരിച്ചുവിടപ്പെട്ടിട്ടുമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍